ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ശ്രീനാരായണപുരംസെന്ററില്‍ പതിനേഴാം നമ്പര്‍ ദേശീയ പാതയില്‍ നിന്നും അല്‍പം പടിഞ്ഞാറു മാറി,അസ്മാബി കോളേജുറോഡിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണക്ഷേത്രത്തിന്റെ പേരില്‍ നിന്നുമാണ് ശ്രീനാരായണപുരം എന്ന സ്ഥലനാമമുണ്ടായത്. ഈ അമ്പലത്തിന് ഉദ്ദേശം 700-800 കൊല്ലം പഴക്കമുണ്ട്. പഴയ വഞ്ചീനഗരത്തിന്റെ ഭാഗമാണ് ശ്രീനാരായണപുരം പഞ്ചായത്ത് ഉള്‍പ്പെടുന്ന ഭൂപ്രദേശം.അത് കൊടുങ്ങല്ലൂര്‍ മുതല്‍ മതിലകം വരെ വ്യാപിച്ചുകിടന്നിരുന്നു.അക്കാലത്ത് (ബി.സി അവസാന ശതകങ്ങളിലും ക്രിസ്തുവര്‍ഷാരംഭത്തിലും) കൊടുങ്ങല്ലൂരിനെ മുച്ചീരിയെന്നും(മുസീരിസ്), മതിലകം തൃക്കണാമതിലകമെന്ന പേരിലും, കൂണാവായില്‍ക്കോട്ടയെന്ന പേരിലും അറിയപ്പെട്ടു. ഈ പ്രദേശത്തെ ഒന്നിച്ചു കാണുന്നതാണ് നല്ലത്. കാരണം, ഇവയ്ക്ക് പൊതുവായ ചരിത്രമേയുള്ളു. പണ്ടേതന്നെ പല പുതിയ ആശയങ്ങളും ഇങ്ങോട്ടു കടന്നുവന്നു. അവയൊക്കെ സഹിഷ്ണുതയോടെ സ്വീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ, മതങ്ങളുടെ ഒരു സംഗമസ്ഥാനമായി കൊടുങ്ങല്ലൂരും അതിന്റെ പ്രാന്തപ്രദേശങ്ങളും മാറി. ബി.സി അന്ത്യശതകങ്ങളില്‍ത്തന്നെ ബുദ്ധമതവും ജൈനമതവും ഇവിടെ വന്നു. ബുദ്ധമതം കൊടുങ്ങല്ലൂരും ജൈനമതം തൃക്കണാമതിലകത്തും കേന്ദ്രീകരിച്ചു. ദാരിദ്ര്യത്തെക്കുറിച്ചും മറ്റു സാമൂഹികപ്രശ്നങ്ങളെക്കുറിച്ചും അടിസ്ഥാന വീക്ഷണം വച്ചുപുലര്‍ത്തിയിരുന്ന രണ്ടു മതങ്ങളാണ് ബുദ്ധമതവും, ജൈനമതവും. ദക്ഷിണേന്ത്യയിലെ അഞ്ചുസര്‍വകലാശാലകളിലൊന്ന് വഞ്ചി(തിരുവഞ്ചിക്കുളം)യിലായിരുന്നു. ധര്‍മ്മാശുപത്രികള്‍, മൃഗചികിത്സാകേന്ദ്രങ്ങള്‍ എന്നിവ ഇവിടെ ആദ്യമായി സ്ഥാപിച്ചതും ഇവരത്രേ. പഞ്ചായത്തില്‍പ്പെട്ട ആലയില്‍ നിന്നും ഒരു ബുദ്ധവിഗ്രഹം കണ്ടെടുത്തിട്ടുണ്ട്. നാട്ടിലെമ്പാടും കാണുന്ന അരയാലുകള്‍, കാവുകള്‍, നാഗാരാധന എന്നിവ ബുദ്ധമതം ഇവിടെ അവശേഷിപ്പിച്ചുപോയ ശാശ്വതമുദ്രകളത്രേ. പില്‍ക്കാലത്ത് ബൌദ്ധ-ജൈന മതങ്ങള്‍ ഈ മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. ജാതിവ്വസ്ഥ രൂഢമൂലമായത് ഈ മതങ്ങളുടെ തിരോധാനത്തിനു ശേഷമാണ്. ചരിത്രപരമായി വളരെ പ്രധാന്യമുള്ളതാണ് നെല്‍പ്പിണി സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ഇതു പണ്ട് തൃക്കണാമതിലകത്തിന്റെ കീഴ്ഘടകമായിരുന്നു. എല്ലാ ജൈനക്ഷേത്രങ്ങളുടെയും ആസ്ഥാനമായി തൃക്കണാമതിലകത്ത് ഒരു ജൈനക്ഷേത്രം ഉണ്ടായിരുന്നു. തൃക്കണാമതിലകത്തേക്കുള്ള നെയ്ഭരണി സൂക്ഷിച്ചിരുന്നത് നെല്‍പ്പിണി ക്ഷേത്രത്തിലായിരുന്നുവത്രേ. നെയ്ഭരണിയെന്നത് കാലക്രമേണ രൂപാന്തരം വന്നതായിരിക്കാം നെല്‍പ്പിണി എന്ന സ്ഥലനാമം. നെല്‍പ്പിണി ക്ഷേത്രം ഒരു ജൈനക്ഷേത്രമായിരുന്നു. ആയിരത്തിലേറെക്കൊല്ലത്തെ പഴക്കമുണ്ടെന്ന പഴമക്കാരുടെ വിശ്വാസം ശരിയാണെങ്കില്‍, ഈ ക്ഷേത്രം തീര്‍ച്ചയായും ജൈനക്ഷേത്രം തന്നെയായിരുന്നിരിക്കാനാണ് സാധ്യത. പശ്ചിമാഭിമുഖപ്രതിഷ്ഠയുള്ള ഏക ക്ഷേത്രവും ഇതാണ്. പ്രശാന്തസുന്ദരമായ അന്തരീക്ഷമുള്ള ഈ ക്ഷേത്രം ഇന്നാട്ടുകാരുടെ ഉള്‍ക്കുളിരാണ്. നെല്‍പ്പിണി എന്ന ക്ഷേത്രനാമം ഇന്ന് ദേശനാമം കൂടിയാണ്. പഴമ അവകാശപ്പെടാന്‍ കഴിയുന്ന മറ്റൊരു ആരാധനാലയം ശാന്തിപുരത്തെ സാഹിബ്ബിന്റെ പള്ളിയാണ്. പഴയ വാസ്തുശില്പകലയുടെ പ്രൌഢി ഇപ്പോഴും കുറച്ചൊക്കെ അവിടെ ബാക്കി നില്പുണ്ട്. ക്രിസ്തുമതം യൂറോപ്പില്‍ പ്രചരിക്കുന്നതിനു മുമ്പേതന്നെ(എ.ഡി.52 ല്‍) ഇവിടെ പ്രചരിച്ചുകഴിഞ്ഞിരുന്നു. തങ്ങളുടെ ജന്മനാട്ടില്‍ ദേവാലയം നശിപ്പിക്കപ്പെട്ട ജൂതന്മാര്‍ സുരക്ഷിതരായി ജീവിക്കാന്‍ മനഃപൂര്‍വ്വം തിരഞ്ഞെടുത്തതും(ഏ.ഡി 68) ഇവിടം തന്നെ. ക്രിസ്തുവര്‍ഷം ഏഴാം ശതകത്തില്‍, മാലിക്ദിനാറും സംഘവും ഇവിടെ വന്നിറങ്ങി.ചുരുക്കത്തില്‍ യവനദേശങ്ങളിലേക്കും മറ്റും കയറ്റി അയയ്ക്കപ്പെട്ട സുഗന്ധദ്രവ്യങ്ങളോടൊപ്പം ഇവിടത്തെ സഹിഷ്ണുതയുടെ സുഗന്ധവും അവിടങ്ങളില്‍ പരന്നിരുന്നു. ചേരരാജാക്കന്മാര്‍ക്കും കൊടങ്ങല്ലൂര്‍ രാജവംശ ഭരണത്തിനുമൊക്കെ ശേഷം, ഏ.ഡി പതിന്നാലാം നൂറ്റാണ്ടില്‍ ഈ പ്രദേശം കൊച്ചി രാജ്യത്തിന്റെ കീഴില്‍ വന്നു. കൊച്ചിരാജ്യത്തിനെ സാമൂതിരിയും സാമൂതിരിയെ ടിപ്പുവും ടിപ്പുവിനെ ബ്രിട്ടനും തോല്പിച്ചു. അങ്ങനെ ശ്രീനാരായണപുരം ഉള്‍പ്പെട്ട ഭൂപ്രദേശം മദിരാശി ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു. സവര്‍ണ്ണരുടെ ഭൂമിക്കും നികുതി ചുമത്തിക്കൊണ്ട് നികുതിനിയമം ഏകീകരിച്ചത് ടിപ്പുവായിരുന്നു. ആ കാലഘട്ടത്തില്‍ പഞ്ചായത്തില്‍ ഗതാഗതസൌകര്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് പഞ്ചായത്തിന്റെ കിഴക്കന്‍ ഭാഗത്തുകൂടി തെക്കോട്ടു പോകുന്ന ചെറുവഴി പെരുവഴിയായത്. ഇന്നത് 17-ാം നമ്പര്‍ ദേശീയ പാതയെന്ന തീരദേശ റോഡാണത്. ഇതാണ് പഴയ ടിപ്പു സുല്‍ത്താന്‍ റോഡ്. പഞ്ചായത്തില്‍ ടിപ്പു റോഡുകള്‍ വേറെയുമുണ്ട്. ചുരുക്കത്തില്‍ ടിപ്പുവാണ് റോഡുകളുടെ സമുദ്ധാരകന്‍ എന്നു തന്നെ പറയാം. നാട്ടില്‍ നിലവിലുള്ള തഹശീലുകളും(താലൂക്കുകള്‍), ഫര്‍ക്കകളും (സബ് താലൂക്കുകള്‍) ടിപ്പുവിന്റെ പരിഷ്ക്കാരങ്ങളില്‍ ചിലതാണ്. ഇന്നത്തെ അംശങ്ങളുടെ സ്ഥാനത്ത് അന്ന് തറകളായിരുന്നു. തറകളെ അംശങ്ങളാക്കിയതൊഴിച്ചാല്‍ ടിപ്പുവിന്റെ പരിഷ്കാരങ്ങള്‍ അങ്ങനെതന്നെ നിലനിറുത്തുകയാണ് ബ്രിട്ടന്‍ ചെയ്തത്. ടിപ്പു ഹൈന്ദവമത ധ്വംസകനാണെന്ന വാദത്തിന് ഉപോല്‍ബലകമായുള്ള തെളിവുകളൊന്നും പഞ്ചായത്തിലില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ തൊട്ടുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ശ്രീനാരായണപുരം ശ്രീകൃഷ്ണക്ഷേത്രം ഒരു കേടും കൂടാതെ നിലനില്‍ക്കുന്നത്. അമ്പതുകളുടെ മദ്ധ്യത്തിലായിട്ടാണ് ഇന്നത്തെ ശ്രീനാരായണപുരം പഞ്ചായത്തിന്റെ മൂല രൂപമായ പടിഞ്ഞാറെ വെമ്പല്ലൂര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഭരണസമിതിയാണ് അന്നുണ്ടായിരുന്നത്. 1962 ജനുവരി ഒന്നാം തീയതി പടിഞ്ഞാറേ വെമ്പല്ലൂര്‍ പഞ്ചായത്തിനോട് ആല, പനങ്ങാട് എന്നീ അംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ശ്രീനാരായണപുരം പഞ്ചായത്ത് രൂപവത്ക്കരിച്ചു. എന്നാല്‍ പുതിയ പഞ്ചായത്ത് നിലവില്‍ വന്നത് അക്കൊല്ലം സെപ്റ്റംബറിലായിരുന്നു. അന്ന് ഒമ്പതു വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. അഡ്വൈസറി ബോര്‍ഡിനാണ് അന്നത്തെ ഭരണനിര്‍വ്വഹണാധികാരം. 1963 ഡിസംബറിലാണ്  ജനകീയ ഭരണസമിതി നിലവില്‍ വരുന്നത്. 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപവത്ക്കരിക്കുന്നതുവരെ, ശ്രീനാരായണപുരം പഞ്ചായത്ത് മലബാറിന്റെ തെക്കേ അറ്റമായി കരുതിപ്പോന്നിരുന്നു. ഇവിടുത്തെ ഭരണം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് എന്തൊക്കെ ദോഷമുണ്ടെങ്കിലും ജാതിമര്‍ദ്ദനം ബ്രിട്ടീഷ്മലബാറില്‍ താരതമ്യേന കുറവായിരുന്നു. മലബാറിലെ സബ്കലക്ടര്‍ തന്നെ തിയ്യസമുദായക്കാരനായിരുന്നു. അയിത്താചരണത്തിനെതിരെ സംഘടിതമായ എതിര്‍പ്പുണ്ടായ കാലത്തുതന്നെ ശ്രീനാരായണപ്രസ്ഥാനം പഞ്ചായത്തുപ്രദേശത്ത് ഉടലെടുത്തിരുന്നു.ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളിലാണ് കോണ്‍ഗ്രസ്സ് പ്രസ്ഥാനം ഇവിടെ വേരൂന്നുന്നത്. ബ്രീട്ടിഷ് കോയ്മ അവസാനിപ്പിക്കുന്നതോടൊപ്പം തന്നെ അയിത്തം മുതലായ സാമൂഹികാവശതകള്‍ പരിഹരിയ്ക്കാനും അവര്‍ സ്വാതന്ത്ര്യസമരത്തെ പ്രയോജനപ്പെടുത്തി.1938-ല്‍ ആണ് ശ്രീനാരായണപുരം പഞ്ചായത്തില്‍ കര്‍ഷക പ്രസ്ഥാനം ഉടലെടുക്കുന്നത്. എടത്തുരുത്തിയില്‍ നിന്നും നേതാക്കള്‍ വന്നാണ് പ്രസ്ഥാനത്തിന്റെ വിത്തുപാകിയത്. നാടുവാഴിത്തം, ജന്മിത്വം, അയിത്തം എന്നിവയ്ക്കെതിരെയായിരുന്നു അന്നത്തെ പോരാട്ടം. മണ്ണില്‍ പണി ചെയ്തോര്‍ക്ക് രാജഭോഗവും പാട്ടവാരവും അളന്ന് കഴിഞ്ഞാല്‍പിന്നെ അടുത്ത കൃഷിയിറക്കാനും നിത്യവൃത്തിക്കുമായി കൊള്ളപ്പലിശയ്ക്ക് നെല്ലും പണവും കടം വാങ്ങണമായിരുന്നു. ഇന്നത്തെ ശ്രീനാരായണപുരം  ഗ്രാമപഞ്ചായത്തില്‍ വളരെക്കാലങ്ങള്‍ക്കു മുമ്പുതന്നെ മലബാറില്‍ പതിവുണ്ടായിരുന്ന വില്ലേജുപഞ്ചായത്തുകോടതി നിലനിന്നിരുന്നു. അന്ന് പനങ്ങാട് വില്ലേജ് ഇല്ലായിരുന്നു. ചെറിയ ചെറിയ സിവില്‍-ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്തു ശിക്ഷിക്കാന്‍ അതിന് അധികാരമുണ്ടായിരുന്നു. പ്രസ്തുത കോടതിയില്‍ അഞ്ചംഗ ജൂറിയാണ് ഉണ്ടായിരുന്നത്. കാലാവധി  അഞ്ചു കൊല്ലം. കാലാവധി തീരുന്ന മുറയ്ക്ക് അടുത്ത ജൂറി, തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരും. അക്കാലത്തു നടന്ന ഒരു തെരഞ്ഞെടുപ്പിന്റെ കഥ ഇങ്ങനെയാണ്. 1936-ലാണ് പ്രസ്തുത തിരഞ്ഞെടുപ്പു നടക്കുന്നത്. ചാവക്കാട് മജിസ്ട്രേറ്റാണ് റിട്ടേണിങ്ങ് ഓഫീസറായി വന്നത്. വെളുത്തകടവില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. മത്സരരംഗത്ത് ഒരു പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് നിലവിലുള്ള ഭരണസമിതിയിലുള്ളവര്‍ തന്നെയായിരുന്നു - പഞ്ചായത്തുകോടതിയുടെ പ്രസിഡന്റായ കാട്ടകത്ത് കൊല്ലിക്കുറ കുഞ്ഞുമൊയ്തീന്‍ സാഹിബ്ബും സംഘവും. മറുപക്ഷത്താകട്ടെ കാട്ടകത്ത് ചൂളക്കടവില്‍ സെയ്തു മുഹമ്മദും സംഘവും. ഇരുചേരിയും കഴിയുന്നത്ര ആളുകളെ സംഘടിപ്പിച്ചിട്ടുണ്ട്. ചാവക്കാട് മജിസ്ട്രേറ്റു വന്ന് വെളുത്ത കടവ് മൈതാനത്ത് ഒരു കയര്‍ കെട്ടി. ആദ്യം പറഞ്ഞ പാനലിനെ അനുകൂലിക്കുന്നവര്‍ തെക്കുഭാഗത്തു നില്‍ക്കാനും എതിര്‍ പാനലിനെ അനുകൂലിക്കുന്നവര്‍ വടക്കുഭാഗത്തു നില്‍ക്കാനും നിര്‍ദ്ദേശിച്ചു. അതിനുശേഷം ആളുകളെ എണ്ണി. ഭൂരിപക്ഷം ആളുകള്‍ നിലവിലുള്ള പാനലിന്റെ ഭാഗത്താണെന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ജയിച്ചതായി പ്രഖ്യാപിച്ചു. കൊല്ലിക്കുറയ്ക്കുശേഷം കാട്ടകത്ത് ചൂളക്കടവില്‍ സെയ്ദു മുഹമ്മദ് ഹാജിയായിരുന്നു സമിതിയുടെ അധ്യക്ഷനായത്. വില്ലേജുകോടതിയുടെ ഒടുവിലത്തെ പ്രസിഡന്റ് ഇദ്ദേഹമായിരുന്നു. ആദ്യത്തെ പഞ്ചായത്തുതെരഞ്ഞെടുപ്പിനു വളരെ മുമ്പു തന്നെ ഈ സംവിധാനം ഇല്ലാതായി. സ്വകാര്യസ്വത്ത് ആര്‍ജ്ജിക്കുന്ന പതിവില്ലാതിരുന്ന ഒരു കാലം ഇവിടെയും ഉണ്ടായിരുന്നിരിക്കാനിടയുണ്ട്. പതിനൊന്നാം ശതകത്തിനു ശേഷമായിരിക്കാം ഇവിടെ ജന്മിത്തസമ്പ്രദായം ഉടലെടുത്തത്. ഇവിടുത്തെ ജന്മി സമ്പ്രദായത്തിന്റെ പ്രത്യേകത അതിന് ശക്തമായ ജാതീയമറ ഉണ്ടായിരുന്നുവെന്നതാണ്. തിരുവിതാംകൂറിലേതുപോലെ പണ്ടാരപ്പാട്ട വിളംബരമൊന്നും മലബാറില്‍ ഉണ്ടായിരുന്നില്ല. എണ്ണമറ്റ കര്‍ഷക സമരങ്ങള്‍ നടന്നു. 1957-ലെ ഭൂപരിഷ്ക്കരണ നിയമമാണ് കൃഷിഭൂമി കൃഷിക്കാര്‍ക്ക് എന്ന അഭിലാഷത്തെ സാക്ഷാത്കരിക്കുന്നത്. ഇവിടത്തെ മുന്‍ തലമുറക്കാര്‍ പെരിഞ്ഞനം, കൊടുങ്ങല്ലൂര്‍, കാട്ടൂര്‍, വലപ്പാട് എന്നീ പ്രദേശങ്ങളില്‍ പോയി പഠിച്ചിരുന്നതായി കാണാം. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഏറ്റവും കൂടുതല്‍ വിദ്യാലയങ്ങളുള്ള ഒരു പഞ്ചായത്താണ് ശ്രീനാരായണപുരം. ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഈ പ്രദേശം ധന്യമാണ്. ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച ആല ശങ്കരനാരായണ ക്ഷേത്രം, ശ്രീനാരായണപുരം തേവര്‍ക്ഷേത്രം, നെല്‍പ്പിണി ക്ഷേത്രം, ശാന്തിപുരത്തുളള മുനവ്വര്‍ഷാ സാഹിബ്ബിന്റെ പള്ളി, പടിഞ്ഞാറെ വെമ്പല്ലൂരിലെ അന്തോണീസ് പുണ്യാളന്റെ കപ്പേള, മേക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രം എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള നെല്‍പ്പിണി ക്ഷേത്രത്തിന്റെ കരിങ്കല്‍ ഭിത്തികളില്‍ കാണുന്ന വട്ടെഴുത്ത് വായിച്ചെടുക്കുകയാണെങ്കില്‍ ശ്രീനാരായണപുരത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതല്‍ വസ്തുതകള്‍ കണ്ടെത്താനാകുമെന്ന് കരുതപ്പെടുന്നു.